വെള്ളരിപ്രാവുകളുടെ കൂടെ...

രാവിലെ മുതൽ വൈകുന്നേരം വരെ ആശുപത്രികളിൽ രോഗികളുടെ തിരക്കനുസരിച്ച് അങ്ങോട്ടും, ഇങ്ങോട്ടും ഓടി നടക്കുന്ന ഒരു വിഭാഗമാണ് നേഴ്സ്മാർ. നമ്മൾ അവരെ ഭൂമിയിലെ മാലാഖമാർ എന്ന് സ്നേഹപൂർവ്വം വിളിക്കാറുണ്ടെങ്കിലും ഈ മാലാഖമാരുടെ യാതനകളും പീഡനങ്ങളും നമ്മൾ അറിയ്യുന്നുണ്ടോ? വർഷങ്ങളായി ഗൾഫിൽ നേഴ്സ്മാരുടെ കൂടെ ജോലിചെയ്യുന്ന ഒരാളെന്നനിലയിലാണ് നേഴ്‌സുമാരുടെ ബുദ്ധിമുട്ട് നിറഞ്ഞ ജീവിതനുവഭങ്ങൾ എഴുതുവാൻ തോന്നിയത്‌. നമ്മുടെ നാട്ടിൽ +2 കഴിഞ്ഞാൽ വീടിന്റെ ആധാരം വരെ പണയം വെച്ച്. ലക്ഷങ്ങൾ ലോണെടുത്താണ് നഴ്‌സിങ് പഠനത്തിനായി പലരും പോകുന്നത്. പഠനം കഴിഞ്ഞാലും പഠിച്ച സ്ഥാപനത്തിൽ ഒന്നോ,രണ്ടോ വർഷം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നു. പഠന സമയം മുതൽ തുടങ്ങും ഇവരുടെ ജീവിത ബുദ്ധിമുട്ടുകൾ. ഹോസ്റ്റലിലെ വാർഡൻ മുതൽ സീനിയർ വിഭാഗത്തിന്റെ റാഗിംഗ് വരെ. കഷ്ടതകൾ നിറഞ്ഞ അന്തരീക്ഷം. വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ വേണ്ടിയാണ് കൂടുതൽ പേരും നേഴ്‌സിങ് പഠിക്കുന്നത് എന്ന ധാരണ പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ട്. വാസ്തവത്തിൽ ഇവരെ അതിന് പ്രേരിപ്പിക്കുന്നതിന് പ്രധാന കാരണം നമ്മുടെ നാട്ടിലെ നേഴ്‌സിങ് മേഖലയിലുള്ള തുച്ചമായ വേതനമാണ്. ആതുരസേവനം എന്ന ദൈവദാനമായ ശുശ്രൂഷയുടെ മഹത്ത്വംവ്യക്തമാക്കേണ്ട ആശുപത്രി മേഖലയിലും ഇപ്പോൾ ബിസിനസ് കണ്ണുകൾ പിടിമുറുക്കി ലാഭം കൊയ്യുന്നു. രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നഴ്സുമാർക്ക്‌ അവഗണനയും. ഇതിന്റെ പിന്നിലും ചില രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി കിട്ടണമെങ്കിൽ നാട്ടിൽ ഏതെങ്കിലും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ചുരുങ്ങിയത് രണ്ടു വർഷം ജോലി ചെയ്ത എസ്‌പീരിയെന്സ് സർട്ടിഫിക്കറ്റ് വേണം. ഈ അവസരമാണ് അവർ കൂടുതലും മുതലെടുക്കുന്നത്. ഫ്ലോറൻസ്‌ നൈറ്റിങ്ഗേലിന്റെ പിൻഗാമികളായ നഴ്‌സുമാരുടെ ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനം കൊണ്ട് മരണമുഖത്തു നിന്ന് എത്ര എത്ര ആളുകൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അപരിചതരുടെ ജീവനുവേണ്ടി രാപകൽ ഇല്ലാതെ ജോലിചെയ്യുന്ന അനുകമ്പ വറ്റാത്ത നല്ലൊരു മനുഷ്യരാണ് ഞങ്ങൾ എന്നതിന് ഉത്തമ ഉദാഹരണമാണ്. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കേണ്ട നിപ്പാ വൈറസ് ബാധിതരെ പരിചരിച്ച് ജീവത്യാഗം ചെയ്ത "ലിനി" എന്ന പേരാമ്പ്രയിലുള്ള നിപ്പാ വൈറസ് ബാധ മൂലം മരിച്ച സ്റ്റാഫ് നഴ്‌സ്. സഡൻ കാർഡിയാക് അറസ്റ്റ് സംഭവിച്ച രോഗികളെ CPR കൊടുത്തും,ഷോക്ക് നൽകിയും, ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച എത്ര എത്ര അനുഭവങ്ങൾ വേറെയും. സ്വന്തം ജീവിത പ്രയാസത്തിനിടയിലും. നഴ്സുമാർ രോഗികളോടുള്ള സ്നേഹനിര്‍ഭരമായ പെരുമാറ്റവും ശുശ്രൂഷയും മരണശൈലിയിലുള്ള രോഗികൾക്ക്‌ പോലും ആശ്വാസം നൽക്കാറുണ്ട്. അപരിഹാര്യമായ ദുർവിധി അർബുദത്തിന്റെ രൂപത്തിൽ കടന്നു വന്ന് സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായി ജീവനും, മരണത്തിനുമിടയിലുള്ള രോഗികളുടെ മുന്നിൽ രോഗിയുടെ വേദനയുടെ കാഠിന്യം അനുസരിച്ചു വേദനസംഹാരികൾ നിറപുഞ്ചിരിയോടെ നൽകി ആശ്വാസ വാക്കുകൾ കൊണ്ട് മനസ്സിന് സന്ത്വനസ്പര്ശവും സ്നേഹവും, സഹാനുഭൂതിയും നൽകുന്ന ഒരു വിഭാഗമാണ് നഴ്സ്. പകർച്ചവ്യാധികൾക്കും,മാറാവ്യാധികള്‍ക്കും അടിമപ്പെട്ട് തുടര്ച്ചയായി കിടപ്പിലാകുന്ന രോഗികൾക്കുണ്ടാകുന്ന വ്രണങ്ങൾ, മലസ്തംഭനം,മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ അനുഭവിക്കുന്ന രോഗികളുടെ കൂടെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം നിർനിദ്രരായി കണ്ടാൽ അറപ്പു തോന്നിക്കുന്ന പുഴുക്കൾവരെയുള്ള രോഗിയുടെ മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടിയും,ദുർഗന്ധത്തോടെ രോഗികൾ ഛർദ്ദിക്കുംപ്പോൾ കവർ പിടിച്ചു കൊടുത്തും, രോഗികൾക്ക്‌ സ്വയം ചെയ്യുവാൻ കഴിയാത്ത, പുറത്ത് പറയുവാൻ പറ്റാത്ത വിധം മ്ലേച്ഛമായ സ്വന്തംകുടുംബങ്ങൾ പോലും ചെയ്യാൻ മടിച്ച് നിൽക്കുന്ന ജോലികൾ വരെ ചെയ്തു കൊടുത്തും,എന്തിനേറെ പറയ്യുന്നു പ്രസവത്തിന് ലേബർ റൂമിൽ കൊണ്ട് വരുന്ന സ്ത്രീയുടെ സ്വകാര്യതകൾ വരെ ചെയ്തു കൊടുത്തും സേവനമഷ്ടിക്കുന്ന നമ്മുടെ നേഴ്‌സ്മാർക്ക് സമൂഹത്തിൽ നിന്നും സർക്കാർ തലത്തിൽ നിന്നും അർഹിക്കുന്ന അംഗീകാരം ലഭിക്കുകയോ ആദരിക്കപ്പെടുകയോ ഇന്നേവരെ ചെയ്തിട്ടില്ല. ചില രോഗികളിൽ നിന്നും, അവരുടെ കൂടെ നിൽക്കുന്നവരിൽ നിന്നും തെറിവിളികളും മനപ്പൂർവ്വമുള്ള തൊടലും,തോണ്ടലും,നിതംബങ്ങളിൽ തട്ടലും,ശരീര ഭംഗി ആസ്വദിക്കൽ പോലുള്ള ശാരീരിക,മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിയും വരുന്നു. എന്നാലും ചില മലയാളികൾക്ക് നഴ്സ് എന്ന് കേട്ടാൽ പുച്ഛം തന്നെ. ആരും തിരിഞ്ഞുനോക്കാനില്ലെങ്കിലും നിലയില്ലാക്കയത്തില്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി. ശാരീരിക മാനസികപീഡനങ്ങളും,ബുദ്ധിമുട്ടുകളും,കഷ്ടതകളും,സഹിച്ചും ക്ഷമിച്ചും ഡേഡ്യൂട്ടിയായും,നൈറ്റ്‌ഡ്യൂട്ടിയായും സേവനം നടത്തുന്ന നഴ്സുമാരെ. ഭിഷഗ്വരന്മാരുടെയും,രോഗികളുടെയും കൂടെ അങ്ങോട്ടും ഇങ്ങോട്ടും പാറി നടക്കുന്ന ഈ വെള്ളരിപ്രാവുകളെ ആശുപത്രിയുടെ ഇടനാഴികളിൽ നിറപുഞ്ചിരിയോടെ നമ്മുക്ക് കാണാൻ കഴിയും. " നിസ്വാർത്ഥ കര്‍മ്മയോഗികളായി "

 ഇബ്രാഹിം കെ എസ്, കന്മനം. അബുദാബി.
(24/02/2019 - ഗൾഫ് സിറാജ് ഫീച്ചർ)

Comments

  1. എന്റെ എഴുത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക.

    ReplyDelete

Post a Comment