ആരുടെതാണ് ഈ രാജ്യം

സ്വതന്ത്രപ്രാപ്തിയ്ക്ക് ശേഷം ഇന്ത്യ ഒരു രാഷ്ട്രമായി മാറിയത് 1950 ജനുവരി 26ന് ആണല്ലോ ? ഇന്ന് എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഭരണഘടനയുടെ അന്ത:സത്ത ഇല്ലായ്മ ചെയ്യാന്‍ ചില ശ്രമങ്ങള്‍ അണിയറകളിൽ നടക്കുന്നു. ചില മത വിശ്വാസികളെ ശത്രുതാമനോഭാവത്തോടെ കാണുക. പശു സംരക്ഷണത്തിന്റെ പേരില്‍ ഗോ രക്ഷകര്‍ അവരെ തല്ലിക്കൊല്ലുകയും തല്ലിച്ചതക്കുകയും ചെയ്യുക. മറുവശത്ത് ജാതി,മത,ഭാഷാ,വര്‍ണ്ണഭേദങ്ങളുടെ പേരിൽ വേർതിരിവുകൾ ഉണ്ടാക്കി അതിക്രമങ്ങൾ നടത്തുക. ബ്രിട്ടീഷ്ക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് മത സൗഹാര്‍ദ്ദം തകര്‍ത്ത് ഭരണം നടത്തിയിരുന്നതിന് സമാനമായ ചില സംഭവ വികാസങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. നാനാത്വത്തിൽ ഏകത്വത്തിന് പകരം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് ഏകത്ത്വത്തിലേക്കാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്. ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ ഉത്തവാദിക്കപ്പെട്ടവർ തന്നെ ഭരണഘടനാ തത്വങ്ങളെ കാറ്റില്‍ പറത്താനും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അന്തസത്തയായ മതേതരത്വത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നത് കൊണ്ട് ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, ന്യുനപക്ഷ, ദളിത് വിഭാഗങ്ങളുടെയും കണ്ണിലെ തിളക്കം കുറയുകയാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാതെ ഇരുകാലി മൃഗങ്ങളെപ്പോലെ കാണുന്ന വർഗ്ഗീയ ഫാസിസ്റ്റ് വാദികളല്ലേ യസ്ഥാർത്ഥത്തിൽ ശത്രുക്കൾ. അതിനുപിന്നിലുള്ള അതിസൂക്ഷ്മമായ ആസൂത്രണങ്ങളെ നമ്മൾ കാണാതെ പോകരുത്. രാജ്യത്തിന്റെ പരമാധികാര സ്വത്വവും പൗരന്മാരുടെ അവകാശങ്ങളും, ഭരണഘടനയുടെ ഉറപ്പുകളാണെന്നും, നാനാത്വത്തിൽ ഏകത്വം അനുശാസിക്കുന്ന സൗഹാര്‍ദപരമായ പാരമ്പര്യമാണ് നമ്മുക്കുള്ളതെന്നും, ഇതിനെ തകര്‍ത്തെറിയാനുള്ള വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കില്‍. രാജ്യത്തെ ന്യൂനപക്ഷ-ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവന്‍ ജനങ്ങളേയും അത് ദോഷകരമായി ബാധിക്കുമെന്നും ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ. വർഗ്ഗീയ,ഫാസിസ്റ്റ് വാദികൾ നമ്മുടെ ചുറ്റുപാടുകളെ വർഗ്ഗീയ വിദ്വേഷം കൊണ്ട് മലിനപ്പെടുതികൊണ്ടേരിക്കും. ഇത്തരം പ്രവണതകൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത്
 സാമ്പത്തിക പരിഷ്‌ക്കരണം മൂലം നിത്യജീവിതത്തിന് വകയില്ലാതെ കയ്യിലുള്ള ആഹാരം മക്കള്‍ക്ക് പകുത്തുനല്‍കി പട്ടിണി കിടന്ന് ജീവഹാനി സംഭവിച്ച ഗ്രാമങ്ങളിലെ ദരിദ്രരില്‍ ദരിദ്രരായ അമ്മമാർ. മണ്ണില്‍ സ്വര്‍ണം വിളയിക്കുന്ന കർഷകർ താൻ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് ഉത്പാദന ചിലവ് പോലും കിട്ടാത്തതിന്റെ പേരിൽ കാര്‍ഷിക വായ്പ തിരിച്ചടക്കാന്‍ പറ്റാതെ കടം വർദ്ധിച്ച് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കർഷകർ...... ആരുടേതാണ് ഈ രാജ്യം ?

 ഇബ്രാഹിം കെ എസ് കന്മനം, അബുദാബി.

Comments