ആശ്രിതർക്കൊരാശ്വാസം

      ഗൾഫ് നാടുകളിൽ വെച്ച് ഇന്ത്യൻ പ്രവാസികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇതുവരെ ഉണ്ടായിരുന്ന തൂക്കിനോക്കിയുള്ള നിരക്ക് ഒഴിവാക്കി ഏകീകൃത നിരക്ക് നടപ്പിലാക്കാൻ എയർ ഇന്ത്യ തീരുമാനം. എയർ ഇന്ത്യയുടെ ഈ ഉത്തരവിനെതിരെയും പ്രവാസി സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ്. കാരണം പലവിധ അപകടങ്ങൾ മൂലവും, പ്രായഭേദമന്യേ ഇന്നുണ്ടാകുന്ന ഹൃദയാഘാതം മൂലവും നിരവധി പേരാണ് പ്രവാസലോകത്ത് മരണപ്പെടുന്നത്. ഇന്ത്യയെക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും, ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുപ്പോഴാണ്, ഗൾഫ് നാടുകളിൽ നിന്നും ഭീമമായ നിരക്കീടാക്കി നമ്മുടെ വിമാന കമ്പനികൾ മൃതദേഹം നാട്ടിലെത്തിക്കുന്നത്. സ്വന്തം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് 1970 കളോടെ മലയാളികൾ കൂടുതലായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുവാൻ തുടങ്ങിയത്. കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ്. പക്ഷെ കൈനിറയെ പണം സമ്പാദിക്കുവാൻ ചുരുക്കം ചിലർക്ക് സാധിച്ചുവെങ്കിലും,ഭൂരിഭാഗം പ്രവാസികളും അവരവരുടെ ജീവിതാവശ്യങ്ങൾ കഴിഞ്ഞു സാമ്പത്തിക പുരോഗതി കൈവരിക്കാൻ പറ്റാത്തവരായി ആരോഗ്യക്ഷയമേറ്റ് ഷുഗർ,പ്രഷർ,കൊളസ്‌ട്രോൾ തുടങ്ങിയ അസുഖങ്ങളുമായാണ് നാട്ടിൽ തിരിച്ചെത്താറുള്ളത്. പ്രവാസികളില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരോ ദരിദ്രരോ ആണ്. പ്രത്യകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍. ഉരുക്കിനെ ഉരുക്കുവാൻ ശേഷിയുള്ള ചൂടിലും പ്രവാസി തളരാതെ പിടിച്ചു നില്ക്കുന്നത് ഒരു പാടു പേരുടെ സ്വപ്നങ്ങളും,പ്രതീക്ഷകളും തന്റെ വിയർപ്പിലാണ് എന്ന തിരിച്ചറിവ് കൊണ്ട് മാത്രമാണ്‌. അവധിക്കാലങ്ങളിൽ യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് പോലുള്ള പ്രവാസികളുടെ യാത്ര പ്രയാസങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ കൈക്കൊള്ളുക, വിദേശത്തു്നിന്നു പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, തുടങ്ങിയ കാര്യങ്ങളിൽ ഗൗരവകരമായ ഇടപെടൽ നടത്താൻ വേണ്ടി ശക്തമായ പ്രതിഷേധം കഴിഞ്ഞ കുറെ കാലങ്ങളിലായി പ്രവാസി മലയാളികളും, സംഘടനകളും നടത്തി. ഇക്കാലമത്രയും പരിഹാരമില്ലാതെ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇന്ന് പ്രവാസി ലോകത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം രാഷ്ട്രീയ, സാംസ്‌ക്കാരിക, മത സംഘടനകൾ ഉണ്ട്. ഇനി പ്രതിഷേധങ്ങൾക്ക്‌ പകരം നമ്മുടെ രാഷ്ട്രീയ നേതാക്കളെ ബഹിഷ്കരിക്കുന്നത് പോലുള്ള നടപടിയിലേക്ക് പ്രവാസികളും, പ്രവാസി സംഘടനകളും നീങ്ങണം. പ്രവാസി സംഘടനകൾ പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ എല്ലാം ശരിയാക്കി കൊടുക്കുന്നത്തിൽ സജീവമായി ഇടപെട്ട് മരിച്ചവക്തികളുടെ ആശ്രിതർക്ക് ആശ്വാസം നൽകുന്നുണ്ട്. പാവപ്പെട്ട പ്രവാസികൾക്ക് പ്രവാസി സമൂഹത്തിന്റെയും, സംഘടനകളുടെയും കൂട്ടായ സേവനം എന്നും ഉണ്ടാകുമെന്ന് ഉറപ്പ്‌വെറുത്തുവിധം മൃതദേഹങ്ങളോട് കാണിക്കേണ്ട ആദരവിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കൊണ്ടുപോകുവാനുള്ള സാമ്പത്തിക സഹായവും കൂടി നൽകാൻ തയ്യാറായി മുമ്പോട്ട് വന്ന് "മരിച്ചാലും രക്ഷയില്ലാത്ത പ്രവാസിയ്ക്ക്" പ്രവാസി സംഘടനകൾ രക്ഷകനായി,മരിച്ചവക്തിയുടെ ആശ്രിതർക്കൊരാശ്വാസം നൽകും വിധം മാതൃക കാണിക്കണം.

ഇബ്രാഹിം കെ എസ്, കന്മനം അബുദാബി.

Comments